

യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്നവരുടെ സമൂഹമാണ് വിശുദ്ധ സഭ. ക്രിസ്തീയ സഭ ലോകത്തിലാദ്യമായി യെരുശലേമിൽ സ്ഥാപിക്കപ്പെട്ടു.സഭ ആട്ടിൻ കൂട്ടമാണ്. അവയെ നയിക്കുവാൻ വിശുദ്ധ പത്രോസിന് ചുമതല നൽകപ്പെട്ടു. ( വിശുദ്ധ യോഹന്നാൻ 21:13,16, 17).കഠിനമായ പീഡനം നിമിത്തം സഭക്ക് നേതൃത്വം നൽകിയിരുന്നവർ അവിടെ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരാവുകയും അന്ത്യോഖ്യ അവരുടെ പ്രവർത്തന കേന്ദ്രമായി തിരഞ്ഞെടുക്കപ്പെ ടുകയും ചെയ്തു. ക്രിസ്ത്യാനികൾ എന്നുള്ള പേര് ആദ്യമായി ലഭിച്ചത് അന്ത്യോഖ്യയിൽ വച്ചാണ് ( വി.പത്രോസ്11:26) വിജാതീയരുടെ അപ്പോസ്തലനായ വിശുദ്ധ പത്രോസ് ശ്ലീഹായുടെ പ്രവർത്തനവും അന്ത്യോഖ്യയിൽ ആയിരുന്നു. AD325,381,431 എന്നീ വർഷങ്ങളിൽ പൊതു സുന്നഹദോസുകൾ കൂടുകയും അന്ത്യോഖ്യായിലെ പിതാക്കന്മാർ സുന്നഹദോസുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. അങ്ങനെ സഭയുടെ വിശ്വാസപ്രമാണം പൂർണ്ണ രൂപത്തിൽ നിലവിൽ വന്നു.
ക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ഒരുവനായ തോമശ്ലീഹ AD52 ൽ ഇന്ത്യയിൽ ആദ്യമായി ക്രിസ്തുമതം പ്രചരിപ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. മാലിയങ്കര,പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം,കൊല്ലം, നിരണം,നിലയ്ക്കൽ എന്നിങ്ങനെ 7 പള്ളികൾ സ്ഥാപിച്ചു എന്ന് ഒരു ഐതിഹ്യം ഉണ്ട്.AD67 ൽ സെന്റ് തോമസ് മൗണ്ടിൽ വച്ച് കൊല്ലപ്പെടുകയും മൈലാപൂരിൽ കബറടക്കപ്പെടുകയും ചെയ്തു.പിന്നീട് എഡി 396 ജൂലൈ മൂന്നാം തീയതി വിശുദ്ധന്റെ തിരുശേഷിപ്പുകൾ കണ്ടെടുത്ത് എഡേ സയിലേക്ക് മാറ്റി സ്ഥാപിക്കുകയും ജൂലൈ 3 ദുഃഖറോനോ പെരുന്നാൾ ആയി ആചരിച്ചും വരുന്നു.AD345 ൽ സിറിയയിൽ നിന്നും ക്നായി തോമയുടെ നേതൃത്വത്തിൽ ഉറഹയിലെ ജോസഫ് മെത്രാനും കുറച്ചു കശീശന്മാരും 72 കുടുംബങ്ങളും ഇന്ത്യയിലേക്ക് കുടിയേറി പാർത്തു.
പോർച്ചുഗീസ് കപ്പിത്താൻ വാസ്കോഡഗാമ 1498 മെയ് മാസം 21 ന് കോഴിക്കോട് കപ്പലിറങ്ങി അതേത്തുടർന്ന് മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനികളെ റോമാപാപ്പയുടെ കീഴിലേക്ക് കൊണ്ടുവന്നു. A D 591ൽ ഉദയംപേരൂർ സുന്നഹദോസിനു ശേഷം 54 വർഷം പൂർണമായും റോമാപാപ്പയുടെ കീഴിൽ മലങ്കര സഭ തുടർന്നു.പിന്നീട് 1653 മകരമാസം മൂന്നാം തീയതി വെള്ളിയാഴ്ച മട്ടാഞ്ചേരിയിൽ കൂടിയ വിശ്വാസി സമൂഹം കുരിശിൽ ആലാത്ത് കെട്ടി സത്യം ചെയ്തു. സഭ രണ്ടായി പിരിഞ്ഞു. എഡി 1655ൽ യെരുശലേം പാത്രിയർക്കീസ് ആയിരുന്ന അബ്ദുൽ ജലീൽ ബാവ എത്തിച്ചേർന്നു. അന്നുമുതൽ ഇന്നുവരെയും മലങ്കരസഭ അന്ത്യോഖ്യ സഭയുടെ കീഴിൽ ഇടമുറിയാതെ നിലനിന്നു പോരുന്നു.
Copyright © 2025 St John’s Syrian Church Rajakumary . All rights reserved