രാജകുമാരി ചരിത്രം

1947 നു മുൻപ് തിരുവിതാംകൂർ സ്റ്റേറ്റിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.എന്നാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ രാജ്യം നേരിട്ട ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായിരുന്നു പല ഭാഷകൾ സംസാരിക്കുന്ന ജനങ്ങളാണ് ഇവിടെ ഉള്ളത് എന്ന് . ഈ പ്രശ്നപരിഹാരത്തിനായി ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണങ്ങൾ നടന്നു. ആ കാലഘട്ടങ്ങളിൽ ഈ പ്രദേശങ്ങളിൽ വളരെ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ ബഹുഭൂരിപക്ഷവും തമിഴ് സംസാരഭാഷ ആക്കിയവർ ആയിരുന്നു. ഈ പ്രശ്നത്തെ അതിജീവിക്കുന്നതിനു വേണ്ടിയാണ് പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ആദ്യമായി ഈ പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിച്ചത്. 1948 49 കാലങ്ങളിൽ തന്നെ രാജകുമാരി പ്രദേശത്തേക്ക് ആളുകൾ കുടിയേറി പാർത്തുവെങ്കിലും പകർച്ചവ്യാധികളും പട്ടിണിയും കാരണം ആളുകൾ മരണപ്പെടുകയും അവരവരുടെ വിശ്വാസപരമായ മരണാനന്തര ചടങ്ങുകൾ ലഭിക്കാതെ വരികയും ചെയ്തപ്പോൾ നല്ലൊരു ശതമാനം തിരിച്ചു പോവുകയാണ് ഉണ്ടായത്.പിന്നീട് വന്ന ആളുകൾ പള്ളിയും അമ്പലവും സ്കൂളും നിർമ്മിക്കാൻ സ്ഥലം കണ്ടെത്തുകയും അതിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അതോടെ കൂടുതൽ കുടിയേറ്റ കർഷകർ ഇങ്ങോട്ട് കയറി വരികയും പുല്ലുമേട് ആയി കിടന്ന സ്ഥലങ്ങൾ കണ്ടെത്തി അവിടെ ചെറിയ കൂരകൾ നിർമ്മിക്കുകയും മാവ് പ്ലാവ് തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും കപ്പ ചേന ചേമ്പ് നെൽകൃഷികൾ കൃഷി ചെയ്യുകയും ചെയ്തു. 1955 ൽ ഗലീലാക്കുന്ന് സെന്റ്.ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെയും ദൈവമാത പള്ളിയുടെയും പണികൾ ആരംഭിച്ചു. 1958 ൽ ഗവൺമെന്റ് സ്കൂളും നിലവിൽ വന്നു . സെന്റ് ജോൺസ് പള്ളി സ്ഥാപക പിതാവായ നി വ ദി ശ്രീ
വയലിപറമ്പിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയെ പള്ളിയിലേക്ക് ആനയിക്കുന്നതിനുവേണ്ടി ഈ നാട്ടിലെ എല്ലാ ജനങ്ങളും ഒത്തുകൂടി പൂപ്പാറയിൽ നിന്നും വി. ദേവാലയത്തിലേക്ക് ഒരു റോഡ് താൽക്കാലികമായി നിർമ്മിക്കുകയും അതിലൂടെ തിരുമേനി എഴുന്നള്ളി ഈ പ്രദേശത്ത് അനുഗ്രഹിക്കുകയും ചെയ്ത സംഭവം ഇത്തരുണത്തിൽ സ്മരണീയമാണ്. ഈ സംഭവം രാജകുമാരി ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിൽ വികസനത്തിന് നാന്ദി കുറിച്ചു. 1969ൽ രാജകുമാരി പഞ്ചായത്ത് നിലവിൽ വരികയും ആദ്യ പ്രസിഡണ്ടായി ശ്രീ കെ ജി ശ്രീധരപ്പണിക്കർ തെരഞ്ഞെടുക്ക പെടുകയും ചെയ്തു. 2011ലെ സെൻസസ് പ്രകാരം 16303 അംഗങ്ങളാണ് പഞ്ചായത്തിൽ ഉള്ളത്. 38 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ഉള്ള പഞ്ചായത്തിൽ 14 വാർഡുകളാണ് നിലവിലുള്ളത്. നാണ്യവിളകളുടെ കേന്ദ്രമായ രാജകുമാരിയിൽ ഇന്ന് സ്കൂളുകൾ കോളേജുകൾ ഹോസ്പിറ്റലുകൾ ദേശസാൽകൃത ബാങ്കുകൾ കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് സ്ഥാപനങ്ങൾ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ രാജകുമാരി പഞ്ചായത്തിൽ തന്നെ നിലവിലുള്ളതിനാൽ പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറിയിട്ടുണ്ട്. ഇങ്ങനെ രാജകുമാരി എന്ന ഗ്രാമം രാജകീയ പ്രൗഢിയോടുകൂടി വികസന പാതയിൽ മുൻപിൽ നിൽക്കുന്നു .